Friday, May 14, 2010

മായാത്ത ഓര്‍മ്മകള്‍

അന്ന്
സഖിയുടെ സ്ലേറ്റു മായ്ക്കാന്‍
മഷിത്തണ്ട് തിരഞ്ഞ്
ആമ്പല്‍ കുളത്തിന്
അടുത്തെത്തിയതും

ആമ്പലുകളിലൊന്ന്
കൊതിച്ചവലളെന്നെ
നോക്കിയതും

അവള്‍ക്കായെന്തിനും
ഞാനേന്നോര്‍ത്ത്
അവളെന്റേതെന്നുറപ്പിച്ച്
ഉള്ളാലെ ചിരിച്ച്
കുളത്തില്‍ ചാടിയതും

നീര്‍ക്കോലിയുടെ
കടിയേറ്റു ഞാനിരുന്നതും
ആര്‍ത്തു കരഞ്ഞു കൊണ്ടവള്‍
വീട്ടിലേക്കോടിയതും

മരം കയറ്റമറിയാത്ത
എന്നെയവള്‍ കളിയാക്കിയതും
വാശി തീര്‍ക്കുവാന്‍
നാട്ടു മാവില്‍ കയറിയതും
പഞ്ചാര മാങ്ങയവള്‍ക്ക്
നല്‍കിയതും

പുളിയനുറുമ്പ് കടിച്ച
കൈ പിടിച്ച്
സ്നേഹത്താലവള്‍
ചേര്‍ത്തു വെച്ചതും

മത്സര ഓട്ടം നടത്തി
വയല്‍ വരമ്പിലവള്‍
തെന്നി വീണതും

ചെളി പുരണ്ട പാവാട
കണ്ടു ഞാന്‍ ചിരിച്ചതും
നിറ കണ്ണുകളുയര്‍ത്തി
എന്നെയവള്‍ നോക്കിയതും

കണക്കു മാഷ്‌
ചൂരലുയര്‍ത്തിയടിക്കുമ്പോള്‍
ഒളി കണ്ണാലെന്നെ
നോക്കിയതും

എന്നെ തല്ലിയ അബുവിനെ
പാമ്പ് കടിക്കാന്‍
നേര്‍ച്ച നേര്‍ന്നതും

അവളുമ്മയാകുമ്പോള്‍
കുഞ്ഞിനെന്തു
പേരിടുമെന്നോര്‍ത്ത്
തര്‍ക്കിച്ചതും

സന്ധ്യയ്ക്ക്‌
പുഴക്കടവില്‍
ചെകുത്താനെ കണ്ടവള്‍
ബോധം കെട്ടതും
എന്റെ വിളിയാലവള്‍
ഞെട്ടിയുണര്‍ന്നതും

ഞാനമ്മുവിനോട്
മിണ്ടുന്നത് നോക്കി
മൈതാനത്തു നിന്നവള്‍
കണ്ണ് തുടച്ചതും

ഞാനവളുടേതു
മാത്രമാണെന്നെന്നെ
ഉണര്‍ത്തിയതും

മാങ്ങാ ചുന പൊള്ളിയ
മുഖത്ത് ഞാനൊരുമ്മ
കൊടുത്തതും

ആറാം ക്ലാസ്സില്‍
അവള്‍ക്കു ഞാനൊരു
കത്തു കൊടുത്തതും

നാണത്താല്‍ ചുവന്ന
മുഖമൊളിപ്പിച്ചവള്‍
ഡസ്കില്‍
തല വെച്ചു കിടന്നതും

ക്ലാസിലൊന്നാമന്‍
ഞാനെന്നറിഞ്ഞവള്‍
അഭിമാനിച്ചതും

കൂട്ടുകാരികളവളെ
മണവാട്ടിയാക്കി
ഒപ്പന കളിച്ചതും

ക്ലാസ്സിലെന്നെ
നോക്കിയിരുന്നതിന്
മാഷിന്റെ ചൂരലുയര്‍ന്നതും
അവളുടെ കൈ ചുവന്നതും

ക്ലാസ്സിലെ
പുതിയ കുട്ടിയോടു ഞാന്‍
കൊഞ്ചിയെന്നു പറഞ്ഞ്
അവളെന്നോട് പിണങ്ങിയതും

അവളോടി വരുന്നത്
കണ്ടുറക്കം വിട്ടുണര്‍ന്നതും
വീണ്ടുമവള്‍
സ്വപ്നത്തില്‍ നിറഞ്ഞതും

അവളും ഞാനും
ഒന്നെന്നുറപ്പിച്ച കൂട്ടുകാര്‍
അസൂയ പൂണ്ടതും
കളിയാക്കിയതും
അവള്‍ കരഞ്ഞതും.....

ഇന്നലെ

പ്രണയത്തിന്‍റെ
വഞ്ചിയുണ്ടാക്കി ഞാന്‍
അവളൊന്നിച്ച് യാത്ര പോയതും

സുറുമയെഴുതിയ
കണ്ണുകളില്‍ നോക്കി
ഞാനെന്നെ കണ്ടതും

പഴയ കളി വീട് തകര്‍ന്നത്
കണ്ടു ഞാന്‍
ദുശ്ശകുനമെന്നു പറഞ്ഞതും
അതു കേട്ടവള്‍
ഹൃദയം പറിഞ്ഞു വിങ്ങിയതും

സ്കൂളിലെ ദിനങ്ങള്‍
ഒടുങ്ങിത്തീര്‍ന്നതും
ഹൈസ്കൂളിലായിരുവരും
ഇരു വഴികളിലെത്തിയതും

ബസ്സില്‍ നിന്നവളെന്റെ
വിരലില്‍ തൊട്ടതും
ഗൂഡമായവളോടു ഞാന്‍
പിറു പിറുത്തതും

ഞാനവളെ
കാത്തു നിന്നപ്പോളുമ്മയെന്നെ
ശകാരിച്ചതും
അവളും ഞാനും മുതിര്‍ന്നെന്നു
ചൊല്ലിപ്പഠിപ്പിച്ചതും

അവളെ കാക്കാതെ ഞാനോടി
ബസ്റ്റോപ്പിലെത്തിയതും
ഞങ്ങളെപ്പിരിക്കുവാന്‍
അവളുടെയുപ്പയവളെ
തടഞ്ഞു വച്ചതും
സ്കൂള് നിറുത്തിയവള്‍
വീട്ടിലിരുന്നതും

കൂട്ടുകാരി വശമവള്‍
എനിക്കായെഴുത്ത്
കൊടുത്തതും
കാരമുള്ള്‌ തറയുന്ന
വിവാഹ വാര്‍ത്ത‍
കേള്‍പ്പിച്ചതും
മുഖം പൊത്തിയവള്‍
കരഞ്ഞു കൊണ്ടോടിയതും

അത്താഴം കഴിക്കാതെയവള്‍
പ്രതിഷേധിച്ചതും
പുളി വാറു കൊണ്ടവള്‍ക്ക്
തല്ലു കൊണ്ടതും
എന്‍റെ വീട്ടിലെന്നെ പൂട്ടിയിട്ടതും
ഞങ്ങളിരുവരും ഉരുകിത്തീര്‍ന്നതും.....

ഇന്ന്

പഠിക്കാന്‍ തുറക്കുന്ന
പുസ്തകത്തിലവളുടെ
വട്ട മുഖം തെളിയുന്നതും
കണ്ണു നീരുറ്റി
താളുകള്‍ നനയുന്നതും

അവളുടെ വരനെ
പ്രാകി,യുറങ്ങാതെ
കുന്നിന്‍ മുകളില്‍
പോയിരുന്നതും

അവളെന്നെയോര്‍ത്തു
മെലിഞ്ഞു വരുന്നെന്നു
കേട്ടതും
ഭര്‍ത്താവ്
കടല്‍ കടന്നപ്പോള്‍
അവളോടി വന്നതും

അവളെ കാണാതെ
ഞാനൊളിഞ്ഞു നിന്നതും

ഭര്‍ത്താവയച്ച
ഗള്‍ഫ് തുണി
എനിക്കായവള്‍
കൊടുത്തയച്ചതും
അവളുടെ കുഞ്ഞിനെന്റെ
പേരു വിളിച്ചതും

ഓര്‍മ്മിക്കാം
ഞാന്‍ നഷ്ട സ്വപ്‌നങ്ങള്‍
നഷ്ട കാലങ്ങള്‍...

ഓര്‍മ്മകളില്‍
തീ മഴ പെയ്യുമ്പോള്‍
എനിക്കുറക്കം വരുമോ
ശാന്തമായൊരു രാവിന്നായി
അശാന്തമല്ലാത്തൊരു നിദ്രയ്ക്കായ്
ഞാന്‍ കാത്തിരിക്കട്ടെ.
{സമര്‍പ്പണം: എന്റെ കൌമാരം അതിനെ  സഹിച്ച എന്റെ വിദ്യാലയം ...."കടയ്ക്കവൂര്‍" എന്ന കൊച്ചു ഗ്രാമത്തിലെ എന്റെവലിയ  വിദ്യാലയം!}

നീയുമോരു യുവതി....

 നീയുമോരു യുവതി....
കയ്യിലെ മൊബിലില്‍ സ്വന്തം
നഗ്നത പകര്‍ത്തി , പയ്യന്‍ തന്ന
ഐസ്ക്രീം വാങ്ങി നക്കി നുണഞ്ഞ്
സ്വന്തം വൈകൃതം പകരം കൊടുത്ത്
നീലജാലകത്തില്‍ ആള്‍ കൂടിയപ്പോള്‍
പൊട്ടിക്കരഞ്ഞവള്‍,അബല,നിസ്സഹായ.!!
നഗരത്തിലെ അശ്ലീലപോസ്റ്ററില്‍ ,നിന്റെ മുഖം
ജാഥ നയിച്ച് വന്ന് പോസ്റ്റര്‍ കീറാനും നീ
മകന്‍ അത് കാണാതിരിക്കാന്‍ വേണ്ടി
വഴിവക്കില്‍ പാട് പെടുന്ന ഏതോ ഒരമ്മ
വലിയ വീട്ടിലെ ചെക്കന്റെ പീഡനം
വയറ്റില്‍ പെരുമ്പറയാവുമ്പോള്‍ മാത്രം
തിരിച്ചറിഞ്ഞ് പാതി വിഹിതത്തിന്ന്
കോടതിയില്‍ കണ്ണീരും കയ്യുമായി നീ
പാതി സുഖം പറ്റിയ പയ്യന്‍ കൂട്ടില്‍
കുറ്റക്കാരനായി വിധിയും കാത്ത്
നീയോ പേരുമാറ്റി, സ്ഥലം മാറ്റി
മറ്റേതോ ജീവിതകമ്പോളത്തിലേക്കും....!!
[2003 മാര്‍ച്ച്‌ മാസത്തെ 'മലയാളം ' വാരികയില്‍ പ്രസിദ്ധീകരിച്ച സ്വന്തം കവിത ,വായിക്കു അഭിപ്രായം പറയ്]

Thursday, May 13, 2010




എന്‍റെ പ്രിയ സുഹൃത്തിനായ്

കവന കലയുടെ കൈ പിടിച്ചു ഞാന്‍
എഴുതിടട്ടെ മനോഗതം...
കനക മണി രഥമേറി വന്നൊരു
പ്രിയസുഹൃത്തിന് മാത്രമായ്...
മലരണിഞ്ഞ മനോജ്‌ഞ വല്ലരി
മധു ചുരത്തിയ പോലെ നീ...
മധുര തരളമാം ഹൃദയ വല്ലകി
പതിയെ മീട്ടി സമ്മോഹനം...

പാതകള്‍ ...!!!

വഴിയാത്രക്കിറങ്ങി ഞാന്‍
വെറും കൈയോടെ ..
കരുതി വെക്കാന്‍ കനവുകള്‍ ‍ മാത്രം .

താണ്ടുവാന്‍ എമ്പാടുമുണ്ട് പാതകള്‍
ഒറ്റ അടി പാതകളും കൈവഴികളും
മണ്‍ പാതകളും രാജ പാതകളും
ഒന്ന് വേറെ വേറെ

ചെന്നെത്തു ചുഴികളും‍
ഇറക്കവും കയറ്റവും
വളവും തിരിവും നേര്‍ പാതകളും
ഒന്ന് വേറെ വേറെ
മുമ്പേ പോയവരോടെപ്പമെത്താന്‍ ഞാന്‍ പാഞ്ഞു
പിമ്പേ വരുന്നവരെ കാത്തു നില്‍ക്കാതെ ഞാന്‍ ഓടി
ഗതിയില്‍ ഒഴുകിയവരും ഗതിമാറി ഒഴുകിയവരും -
ചുമടു താങ്ങിയവരും ചുമന്നു മാറിയവരും
ഒന്ന് വേറെ വേറെ

നിരങ്ങി നീങ്ങിയവരും കുതിച്ചു പാഞ്ഞുവരും -
വിശ്വാസിയും അവിശ്വാസിയും
ഒന്ന് വേറെ വേറെ.....
വേറെയാണെങ്കിലും ഒഴുകുന്നത് ഒഴുകുനത് ഒരേ ദിക്കില്‍ -

തന്നിലേക്ക് ചാഞ്ഞ മരങ്ങള്‍-
മുറിച്ചു മാറ്റുന്നു ചിലര്‍
തളിര്‍ത്ത ഇളം തണലിനെ-
തന്നിലേക്ക് ഏറ്റു വീഴ്ത്തുന്നു മറ്റു ചിലര്‍ -
മിന്നല്‍ പിണര്‍പ്പാകുന്നു ചിലര്‍ -
ഇതിഹാസങ്ങള്‍ തീര്ക്കുന്നു മറ്റു ചിലര്‍
പോരാട്ട വീര ചരിത കഥകള്‍
വെയിലേറ്റു വാടാതെ കാക്കുന്നു ചിലര്‍
വിശ്രമികുന്നു ചിലര്‍
വിശ്രമ വേളകള്‍, ആനന്ദകരമാക്കുന്നു മറ്റു ചിലര്‍ -

അഗതികള്ക്ക് സ്വാന്തനമാക്കുന്നവര്‍ -
പിച്ച പാത്രത്തില്‍ കൈയിടുന്നവര്‍-
വഴി മദ്ധ്യേ പിരിഞ്ഞു പോയവര്‍ -
പാതിവഴിക്ക്‌ നിര്‍ത്തിയവര്‍
ഒപ്പം നടന്നവര്‍
പെരുവഴിലായവരെത്രയെത്ര ?

എല്ലാത്തിനും ഒടുവില്‍
വിരമിച്ച ശരീരങ്ങള്‍ തെന്നി മാറി
അപഹഹരിക്കപ്പെട്ട ആത്മാക്കള്‍
പുതു പാതകള്‍ പിന്നിട്ട്
പുതിയ ലോകം തേടി പോകുന്നു

പാഴ്ജന്മം

തെരുവിന്റെ സംഗീതം
താരാട്ടിന് ഈണമായീ
ചാവാലി പട്ടികള്‍
കളികൂട്ടുകാരും

മഴയില്‍ നനഞ്ഞും
വെയിലില്‍ വാടിയും
തെരുവിന്റെ മകനായീ
വളരുന്നു ഞാന്‍

ഒരമ്മതന്‍ ഗര്‍ഭത്തില്‍
ഉരുവായി മുളച്ചിട്ട്
ജാതനായീ ഭൂമിയില്‍
ഞാനൊരനാഥനായി

കിട്ടിയിട്ടില്ലൊരിക്കലും
അമ്മ തന്‍ വാത്സല്ല്യം
അമ്മിഞ്ഞ പാലിന്റെ
നിറവ്വും മാധുര്യവും,

തേങ്ങുന്ന മനസെന്നും
തേടുന്നു ഉത്തരം...
'വലിച്ചെറിയുവാന്‍
ആയിരുന്നെങ്കില്‍
നല്കിയതെന്തിനീ
പാഴ്ജന്മം?'