Friday, May 14, 2010

മായാത്ത ഓര്‍മ്മകള്‍

അന്ന്
സഖിയുടെ സ്ലേറ്റു മായ്ക്കാന്‍
മഷിത്തണ്ട് തിരഞ്ഞ്
ആമ്പല്‍ കുളത്തിന്
അടുത്തെത്തിയതും

ആമ്പലുകളിലൊന്ന്
കൊതിച്ചവലളെന്നെ
നോക്കിയതും

അവള്‍ക്കായെന്തിനും
ഞാനേന്നോര്‍ത്ത്
അവളെന്റേതെന്നുറപ്പിച്ച്
ഉള്ളാലെ ചിരിച്ച്
കുളത്തില്‍ ചാടിയതും

നീര്‍ക്കോലിയുടെ
കടിയേറ്റു ഞാനിരുന്നതും
ആര്‍ത്തു കരഞ്ഞു കൊണ്ടവള്‍
വീട്ടിലേക്കോടിയതും

മരം കയറ്റമറിയാത്ത
എന്നെയവള്‍ കളിയാക്കിയതും
വാശി തീര്‍ക്കുവാന്‍
നാട്ടു മാവില്‍ കയറിയതും
പഞ്ചാര മാങ്ങയവള്‍ക്ക്
നല്‍കിയതും

പുളിയനുറുമ്പ് കടിച്ച
കൈ പിടിച്ച്
സ്നേഹത്താലവള്‍
ചേര്‍ത്തു വെച്ചതും

മത്സര ഓട്ടം നടത്തി
വയല്‍ വരമ്പിലവള്‍
തെന്നി വീണതും

ചെളി പുരണ്ട പാവാട
കണ്ടു ഞാന്‍ ചിരിച്ചതും
നിറ കണ്ണുകളുയര്‍ത്തി
എന്നെയവള്‍ നോക്കിയതും

കണക്കു മാഷ്‌
ചൂരലുയര്‍ത്തിയടിക്കുമ്പോള്‍
ഒളി കണ്ണാലെന്നെ
നോക്കിയതും

എന്നെ തല്ലിയ അബുവിനെ
പാമ്പ് കടിക്കാന്‍
നേര്‍ച്ച നേര്‍ന്നതും

അവളുമ്മയാകുമ്പോള്‍
കുഞ്ഞിനെന്തു
പേരിടുമെന്നോര്‍ത്ത്
തര്‍ക്കിച്ചതും

സന്ധ്യയ്ക്ക്‌
പുഴക്കടവില്‍
ചെകുത്താനെ കണ്ടവള്‍
ബോധം കെട്ടതും
എന്റെ വിളിയാലവള്‍
ഞെട്ടിയുണര്‍ന്നതും

ഞാനമ്മുവിനോട്
മിണ്ടുന്നത് നോക്കി
മൈതാനത്തു നിന്നവള്‍
കണ്ണ് തുടച്ചതും

ഞാനവളുടേതു
മാത്രമാണെന്നെന്നെ
ഉണര്‍ത്തിയതും

മാങ്ങാ ചുന പൊള്ളിയ
മുഖത്ത് ഞാനൊരുമ്മ
കൊടുത്തതും

ആറാം ക്ലാസ്സില്‍
അവള്‍ക്കു ഞാനൊരു
കത്തു കൊടുത്തതും

നാണത്താല്‍ ചുവന്ന
മുഖമൊളിപ്പിച്ചവള്‍
ഡസ്കില്‍
തല വെച്ചു കിടന്നതും

ക്ലാസിലൊന്നാമന്‍
ഞാനെന്നറിഞ്ഞവള്‍
അഭിമാനിച്ചതും

കൂട്ടുകാരികളവളെ
മണവാട്ടിയാക്കി
ഒപ്പന കളിച്ചതും

ക്ലാസ്സിലെന്നെ
നോക്കിയിരുന്നതിന്
മാഷിന്റെ ചൂരലുയര്‍ന്നതും
അവളുടെ കൈ ചുവന്നതും

ക്ലാസ്സിലെ
പുതിയ കുട്ടിയോടു ഞാന്‍
കൊഞ്ചിയെന്നു പറഞ്ഞ്
അവളെന്നോട് പിണങ്ങിയതും

അവളോടി വരുന്നത്
കണ്ടുറക്കം വിട്ടുണര്‍ന്നതും
വീണ്ടുമവള്‍
സ്വപ്നത്തില്‍ നിറഞ്ഞതും

അവളും ഞാനും
ഒന്നെന്നുറപ്പിച്ച കൂട്ടുകാര്‍
അസൂയ പൂണ്ടതും
കളിയാക്കിയതും
അവള്‍ കരഞ്ഞതും.....

ഇന്നലെ

പ്രണയത്തിന്‍റെ
വഞ്ചിയുണ്ടാക്കി ഞാന്‍
അവളൊന്നിച്ച് യാത്ര പോയതും

സുറുമയെഴുതിയ
കണ്ണുകളില്‍ നോക്കി
ഞാനെന്നെ കണ്ടതും

പഴയ കളി വീട് തകര്‍ന്നത്
കണ്ടു ഞാന്‍
ദുശ്ശകുനമെന്നു പറഞ്ഞതും
അതു കേട്ടവള്‍
ഹൃദയം പറിഞ്ഞു വിങ്ങിയതും

സ്കൂളിലെ ദിനങ്ങള്‍
ഒടുങ്ങിത്തീര്‍ന്നതും
ഹൈസ്കൂളിലായിരുവരും
ഇരു വഴികളിലെത്തിയതും

ബസ്സില്‍ നിന്നവളെന്റെ
വിരലില്‍ തൊട്ടതും
ഗൂഡമായവളോടു ഞാന്‍
പിറു പിറുത്തതും

ഞാനവളെ
കാത്തു നിന്നപ്പോളുമ്മയെന്നെ
ശകാരിച്ചതും
അവളും ഞാനും മുതിര്‍ന്നെന്നു
ചൊല്ലിപ്പഠിപ്പിച്ചതും

അവളെ കാക്കാതെ ഞാനോടി
ബസ്റ്റോപ്പിലെത്തിയതും
ഞങ്ങളെപ്പിരിക്കുവാന്‍
അവളുടെയുപ്പയവളെ
തടഞ്ഞു വച്ചതും
സ്കൂള് നിറുത്തിയവള്‍
വീട്ടിലിരുന്നതും

കൂട്ടുകാരി വശമവള്‍
എനിക്കായെഴുത്ത്
കൊടുത്തതും
കാരമുള്ള്‌ തറയുന്ന
വിവാഹ വാര്‍ത്ത‍
കേള്‍പ്പിച്ചതും
മുഖം പൊത്തിയവള്‍
കരഞ്ഞു കൊണ്ടോടിയതും

അത്താഴം കഴിക്കാതെയവള്‍
പ്രതിഷേധിച്ചതും
പുളി വാറു കൊണ്ടവള്‍ക്ക്
തല്ലു കൊണ്ടതും
എന്‍റെ വീട്ടിലെന്നെ പൂട്ടിയിട്ടതും
ഞങ്ങളിരുവരും ഉരുകിത്തീര്‍ന്നതും.....

ഇന്ന്

പഠിക്കാന്‍ തുറക്കുന്ന
പുസ്തകത്തിലവളുടെ
വട്ട മുഖം തെളിയുന്നതും
കണ്ണു നീരുറ്റി
താളുകള്‍ നനയുന്നതും

അവളുടെ വരനെ
പ്രാകി,യുറങ്ങാതെ
കുന്നിന്‍ മുകളില്‍
പോയിരുന്നതും

അവളെന്നെയോര്‍ത്തു
മെലിഞ്ഞു വരുന്നെന്നു
കേട്ടതും
ഭര്‍ത്താവ്
കടല്‍ കടന്നപ്പോള്‍
അവളോടി വന്നതും

അവളെ കാണാതെ
ഞാനൊളിഞ്ഞു നിന്നതും

ഭര്‍ത്താവയച്ച
ഗള്‍ഫ് തുണി
എനിക്കായവള്‍
കൊടുത്തയച്ചതും
അവളുടെ കുഞ്ഞിനെന്റെ
പേരു വിളിച്ചതും

ഓര്‍മ്മിക്കാം
ഞാന്‍ നഷ്ട സ്വപ്‌നങ്ങള്‍
നഷ്ട കാലങ്ങള്‍...

ഓര്‍മ്മകളില്‍
തീ മഴ പെയ്യുമ്പോള്‍
എനിക്കുറക്കം വരുമോ
ശാന്തമായൊരു രാവിന്നായി
അശാന്തമല്ലാത്തൊരു നിദ്രയ്ക്കായ്
ഞാന്‍ കാത്തിരിക്കട്ടെ.
{സമര്‍പ്പണം: എന്റെ കൌമാരം അതിനെ  സഹിച്ച എന്റെ വിദ്യാലയം ...."കടയ്ക്കവൂര്‍" എന്ന കൊച്ചു ഗ്രാമത്തിലെ എന്റെവലിയ  വിദ്യാലയം!}

No comments:

Post a Comment